പട്ടം
തിരുവനന്തപുരം യൂണിവേഴ്സിറ്റി ലൈബ്രറിയുടെ മുൻവശമാണ് സംഭവ സ്ഥലം. അവിടെ ഇപ്പോഴുള്ള റോഡോ സാമാജിക മന്ദിരമോ ഒന്നുമില്ല. വിശാലമായി പരന്ന് കിടക്കുന്ന സ്ഥലം. പഴയകാല സ്മരണ ഉളവാക്കുന്ന ഒരു ചുമട് താങ്ങി കാണാം. അതേ കരിങ്കല്ല് കൊണ്ടുള്ള ഒന്ന് രണ്ടു ബെഞ്ചുകൾ കാണാം. പകൽ സമയം പലപ്പോഴും ഒഴിഞ്ഞു കിടക്കുന്ന സ്ഥലം. ലൈബ്രറിയിൽ വരുന്ന ചുരുക്കം ചില ആളുകളെ മാത്രം കാണാൻ സാധിക്കും. ഉച്ചതിരിഞ്ഞു മൂന്നു മൂന്നരയോടെ ഉച്ച മയക്കത്തിനു ശേഷം സായാഹ്ന സവാരിക്കിറങ്ങിയ വയോധികരായ കുറെ ആളുകൾ ഒത്തുകൂടും. രണ്ടും മൂന്നുമായുള്ള കൂട്ടങ്ങൾ അവിടവിടെ കാണാം. സ്‌കൂൾ വിട്ടു വീട്ടിൽ വന്നതിന് ശേഷം കളിക്കാനായി കുറെ കുട്ടികളും ഒത്തുകൂടും. പന്ത്കളി അടിച്ചേച്ചോട്ടം തുടങ്ങിയവയാണ് പ്രായത്തിനനുസരിച്ചുള്ള അവരുടെ കളികൾ. തലസ്ഥാന നഗരമാണെങ്കിലും തികച്ചും ഒരു നാട്ടിൻപുറത്തിന്റെ പ്രതീതി. കപ്പലണ്ടി കച്ചവടക്കാരനും , ഐസ്ക്രീം കച്ചവടക്കാരനുമൊക്കെയുണ്ട്. സമയം കിട്ടുമ്പോഴൊക്കെ ഞാനും അവിടെ പോകാറുണ്ട്. മിക്കവാറും എല്ലാ ദിവസവും. സാധാരണ ഈ കുട്ടികൾ എന്റെ അടുക്കൽ വരാറില്ല. എന്നും എന്നേക്കാൾ പ്രായമുള്ളവരുമായിട്ടായിരുന്നു എനിക്ക് സഹവാസം. അതിന്റെ നന്മയും ത...